റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചലനാത്മകമാക്കാനും അഫോഡബിള്‍ ഹൗസിങ്
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് ഏറ്റവും നിര്‍ണായകമാണ് മേഖലയ്ക്ക് ഇന്‍ഡസ്ട്രി പദവി ലഭിക്കുകയെന്നത്.
സാമ്പത്തിക രംഗത്തിന്റെ പൊതുവെയുള്ള മുന്നേറ്റവും സ്ഥിരതയാര്‍ന്ന പലിശ നിരക്കുകളും ഉണരുന്ന തൊഴില്‍ വിപണിയും എല്ലാം ഈ വര്‍ഷവും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.പോയ വര്‍ഷം ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ച് അത്ര മേശമായിരുന്നില്ല. ഭവന വില്‍പ്പനയിലും ഓഫീസ് സ്പേസ് വില്‍പ്പനയിലും എല്ലാം മികച്ച മുന്നേറ്റം ദൃശ്യമായി തുടങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇടക്കാല ബജറ്റിനെയും വളരെ പ്രതീക്ഷയോടെ ആണ് ഈ രംഗം ഉറ്റു നോക്കുന്നത്. കെട്ടിട നിര്‍മാണ വ്യവസായം ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പ്രതീക്ഷിക്കുന്ന പ്രധാന കാര്യങ്ങള്‍ എന്തെല്ലാം ആണെന്ന് നോക്കാം.
അഫോഡബിള്‍ ഹൗസിങ്
റിയല്‍ എസ്റ്റേറ്റ് മേഖലയെ പുനരുജ്ജീവിപ്പിക്കാനും ചലനാത്മകമാക്കാനും അഫോഡബിള്‍ ഹൗസിങ് എന്ന് വിളിക്കപ്പെടുന്ന താങ്ങാനാവുന്ന ഭവന പദ്ധതികളില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പ്രത്യേക പാക്കേജ്, നികുതി ഇളവുകള്‍, ധനസഹായം, സബ്സിഡി എന്നിവയിലൂടെ ഈ രംഗത്തുള്ള വിടവ് നികത്താനും ആവശ്യകത കൂട്ടാനും ബജറ്റില്‍ പ്രഖ്യാപനങ്ങള്‍ വേണമെന്നാണ് ഈ രംഗത്തുള്ളവര്‍ ആവശ്യപ്പെടുന്നത്. കോവിഡാനന്തരം വലിയ ഇടിവാണ് ഈ രംഗത്തുണ്ടായത്. നിലവില്‍, മൊത്തം ഭവന വില്‍പ്പനയുടെ 20% വിഹിതം മാത്രമേ അഫോഡബിള്‍ ഹൗസിങ് മേഖലയ്ക്കുള്ളൂ. കോവിഡ് മഹാമാരിക്ക് മുമ്പ് ഇത് 40 ശതമാനം ആയിരുന്നു.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ അടുത്തഘട്ട വളര്‍ച്ചയ്ക്ക് ഏറ്റവും നിര്‍ണായകമാണ് മേഖലയ്ക്ക് ഇന്‍ഡസ്ട്രി പദവി ലഭിക്കുകയെന്നത്. അത് ഇത്തവണത്തെ ബജറ്റില്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം. അതിനോടൊപ്പം ഏകജാലക ക്ലിയറന്‍സ് സംവിധാനം, ജിഎസ്ടി നവീകരണം എന്നിവയും പ്രതീക്ഷയിലുണ്ട്.
രാജ്യത്തിന്റെ ജിഡിപിയിലേക്ക് എട്ട് ശതമാനത്തോളം സംഭാവന ചെയ്യുന്ന റിയല്‍റ്റി മേഖല കൃഷി കഴിഞ്ഞാല്‍ ഏറ്റവുമധികം തൊഴില്‍ സൃഷ്ടിക്കുന്ന രംഗം കൂടിയാണ്. എങ്കിലും ഇതുവരെ മേഖലയ്ക്ക് ഇന്‍ഡസ്ട്രി സ്റ്റാറ്റസ് ലഭിച്ചിട്ടില്ല.
200-ലധികം അനുബന്ധ വ്യവസായങ്ങള്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ തന്നെ വരാനിരിക്കുന്ന ബജറ്റില്‍, ഏകജാലക ക്ലിയറന്‍സ്, നികുതി ഇളവുകള്‍, ജിഎസ്ടി യുക്തിസഹമാക്കല്‍ എന്നിവയെ കുറിച്ചുള്ള ആലോചനയ്‌ക്കൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വ്യവസായ പദവി റിയല്‍ എസ്റ്റേറ്റിന് നല്‍കുന്ന കാര്യവും പരിഗണിക്കണമെന്ന ആവശ്യത്തിന് പ്രസക്തിയേറുകയാണ്.
റിബേറ്റ് കൂട്ടണം
ആദായ നികുതി ആക്റ്റിന്റെ സെക്ഷന്‍ 24 അനുസരിച്ചുള്ള ഭവന വായ്പാ പലിശ നിരക്കിന്റെ റിബേറ്റ് രണ്ട് ലക്ഷത്തില്‍ നിന്ന് 5 ലക്ഷം രൂപയാക്കണമെന്ന ആവശ്യവും മേഖലയിലുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. വീട് വാങ്ങാന്‍ താല്‍പ്പര്യമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിനും ആവശ്യകത കൂടുന്നതിനും ഇത് കാരണമാകുമെന്നാണ് പ്രതീക്ഷ.