Want peace of mind? Don’t forget these basic lessons in personal finance.
മനസമാധാനം വേണോ? ഈ അടിസ്ഥാന പാഠങ്ങള്‍ പേഴ്സണല്‍ ഫിനാന്‍സില്‍ മറക്കരുത്.
വ്യക്തിപരമായ സാമ്പത്തിക ലക്ഷ്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നിറവേറ്റുകയാണ് പേഴ്‌സണല്‍ ഫിനാന്‍സിങ്ങിന്റെ പ്രധാന ലക്ഷ്യം. കൈയ്യിലുള്ള പണം കരുതലോടെ ഉപയോഗിക്കുകയും മിച്ചം വരുന്ന തുക ഭാവിയിലേക്ക് സമ്പാദിക്കുകയും ചെയ്യുന്നത് ഇതില്‍ പ്രധാനമാണ്. ലഭിക്കുന്ന പണം വിവേകപൂര്‍വം ഉപയോഗിക്കുന്നതിനായി ഒരു ബജറ്റ് ഉണ്ടാക്കുക, അപ്രതീക്ഷിത സാഹചര്യമുണ്ടായാല്‍ അതിലേക്കായി പണം കണ്ടെത്തുക, കടബാധ്യതയുണ്ടെങ്കില്‍ അത് തന്ത്രപരമായി കൈകാര്യം ചെയ്യുക എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്‍ഷുറന്‍സും റിട്ടയര്‍മെന്റ് കാലത്തേക്കുള്ള സമ്പാദ്യവുമെല്ലാം ഇവിടെ പരിഗണിക്കേണ്ടതാണ്. ഇവ രണ്ടും ദീര്‍ഘകാലത്തേക്കുള്ള സുരക്ഷിത സമ്പാദ്യങ്ങളാണ്. വിവേകപൂര്‍വം തെരഞ്ഞെടുപ്പുകള്‍ നടത്താനും സമ്പത്ത് കെട്ടിപ്പടുക്കാനും സുരക്ഷിതമായ ഭാവി ഒരുക്കാനുമെല്ലാം പേഴ്‌സണല്‍ ഫിനാന്‍സിങ് ഒരാളെ പ്രാപ്തനാക്കുന്നു. പേഴ്‌സണല്‍ ഫിനാന്‍സിങ്ങില്‍ വിജയം കൈവരിക്കുന്നതിന് അടിസ്ഥാനപരമായി പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. അവ പരിചയപ്പെടാം.
ബഡ്ജറ്റിംഗ്
പേഴ്‌സണല്‍ ഫിനാന്‍സിങ്ങില്‍ ഏറെ നിര്‍ണായകമായ സ്ഥാനമാണ് ബഡ്ജറ്റിംഗിന് ഉള്ളത്. മാസന്തോറുമുള്ള ബജ്ഡറ്റ് തയ്യാറാക്കുന്നത് വരുമാനവും ചെലവുകളും ക്രമീകരിക്കുന്നതിനും മിച്ചം വന്ന പണം കരുതിവയ്ക്കുന്നതിനും സഹായിക്കും. മികച്ച ബഡ്ജറ്റിങ് സാമ്പത്തിക അച്ചടക്കത്തിനുള്ള മാര്‍ഗരേഖയായി പ്രവര്‍ത്തിക്കുന്നു. വരുമാനത്തിന്റെ ഒരു ഭാഗം ആവശ്യ ചെലവുകള്‍, കരുതല്‍ പണം എന്നിവയ്ക്കായി നീക്കി വെക്കുന്നത് സാമ്പത്തിക ജീവിതം സന്തുലിതമാക്കാന്‍ സഹായിക്കും.
അവശ്യഘട്ടങ്ങളിലേക്കാവശ്യമായ പണം
സാമ്പത്തിക അസ്ഥിരത നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താന്‍ പണം കരുതിവയ്ക്കേണ്ടത് അനിവാര്യമാണ്. ആശുപത്രി ചെലവുകള്‍, ജോലി നഷ്ടം, അപ്രതീക്ഷിതമായുണ്ടാകുന്ന സാമ്പത്തിക ചെലവ് എന്നിവയെല്ലാം സാമ്പത്തിക അസ്ഥിരതയിലേക്ക് വഴിവെച്ചേക്കാം. കൃത്യമായ ആസൂത്രണത്തില്‍ ഈ വിഭാഗത്തിലേക്ക് തുക നീക്കി വെക്കുന്നത് ചെലവ് ലാഭിക്കാന്‍ ലക്ഷ്യമിടുന്നു.
ഇന്‍ഷുറന്‍സ്
മിക്കവരും അവഗണിക്കുന്ന ഒരു സമ്പാദ്യശീലമാണ് ഇന്‍ഷുറന്‍സ്. എന്നാ ഒരാളുടെ സാമ്പത്തിക സുസ്ഥിരത സംരക്ഷിക്കുന്നതില്‍ അത് സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, പോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിവയെല്ലാം പല ഇന്‍ഷുറന്‍സ് ഉണ്ട്. അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങള്‍ പെട്ടെന്നുള്ള സാമ്പത്തിക ഞെരുക്കത്തിലേക്ക് നമ്മെ കടത്തിവിടാതെ ഇവ സംരക്ഷിക്കുന്നു
കടബാധ്യത
പേഴ്‌സണല്‍ ഫിനാന്‍സിങ്ങില്‍ കടബാധ്യത കൃത്യമായി നിയന്ത്രിക്കേണ്ടത് നിര്‍ണായകമായ ഘടകമാണ്. എല്ലാ കടബാധ്യതയും ബുദ്ധിമുട്ട് ഉണ്ടാക്കില്ലെങ്കിലും പലിശനിരക്ക് കൂടുതലുള്ള വായ്പകള്‍ വീട്ടുന്നതിന് മുന്‍ഗണന നല്‍കണം. അതേസമയം, ഭവന വായ്പകള്‍ പോലുള്ളവയ്ക്ക് സാധ്യതയുള്ള നികുതി ആനുകൂല്യങ്ങള്‍ പരിഗണിച്ച് തന്ത്രപരമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
ബുദ്ധിപൂര്‍വമായ നിക്ഷേപം
വളരെ ചെറിയ തുകയാണെങ്കില്‍ പോലും നേരത്തെ തന്നെ സമ്പാദിക്കുന്നതാണ് ഗുണം ചെയ്യുക. മ്യൂച്ചല്‍ ഫണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, ഇക്വിറ്റി ലിങ്ക്ഡ് സേവിങ് പദ്ധതികള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയെല്ലാം വിവിധ നിക്ഷേപ മാര്‍ഗങ്ങളാണ്.
റിട്ടയര്‍മെന്റ് പ്ലാനിങ്
കുടുംബത്തിന് ഏറെ പ്രധാന്യം നല്‍കുന്ന ഒരു സമൂഹത്തില്‍ വിരമിക്കല്‍ കാലഘട്ടത്തിലേക്കുള്ള സമ്പാദ്യം മിക്കപ്പോഴും പിന്നിലായിരിക്കും. എങ്കിലും വാര്‍ധക്യത്തിലേക്ക് കടക്കുന്ന റിട്ടയര്‍മെന്റ് കാലത്തേക്ക് സാമ്പത്തിക സ്വാതന്ത്ര്യം നേടേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം എന്നിവയെല്ലാം സുഖപ്രദമായ ഒരു റിട്ടയര്‍മെന്റ് ജീവിതം നിങ്ങള്‍ക്ക് നല്‍കും.
നികുതികളെ കുറിച്ചുള്ള ധാരണ
ഇന്ത്യയിലെ നികുതി സംവിധാനം സങ്കീര്‍ണവും എപ്പോഴും മാറ്റത്തിന് വിധേയവുമാണ്. നികുതി ലാഭിക്കാനുള്ള വഴികളും നികുതിയിലെ ഇളവുകളെ കുറിച്ചും ധാരണയുണ്ടായിരിക്കേണ്ടത് നിര്‍ണായകമായ കാര്യമാണ്. ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ് സ്‌കീം, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം, ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ എന്നിവ പോലുള്ള നികുതി ലാഭിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ പ്രയോജനപ്പെടുത്തുക.
സാമ്പത്തിക സാക്ഷരത എന്നത് എപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയ ആണ്. ഏറ്റവും പുതിയ വിപണി ട്രെന്‍ഡുകളെക്കുറിച്ചും നിക്ഷേപ അവസരങ്ങളെക്കുറിച്ചും സാമ്പത്തിക മേഖലയിലെ നിയന്ത്രണങ്ങളെക്കുറിച്ചും എപ്പോഴും അറിവുള്ളവരായിരിക്കാന്‍ ശ്രമിക്കുക. ശില്‍പശാലകളില്‍ പങ്കെടുക്കുക, സാമ്പത്തിക വിദഗ്ധരില്‍ നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കുക, വിശ്വസനീയമായ സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ വായിക്കുക തുടങ്ങിയ ശീലങ്ങള്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിക്കും.
സാമ്പത്തിക ആസൂത്രണം
വീടു വാങ്ങല്‍, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കണ്ടെത്തല്‍, ഏറെ സ്വപ്നം കണ്ട വെക്കേഷനുവേണ്ടി പണം സ്വരൂപിക്കല്‍ തുടങ്ങിവയ്ക്കായുള്ള ആസൂത്രണവും പേഴ്‌സണല്‍ ഫിനാന്‍സിങ്ങില്‍ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളാണ്. ഇവയ്ക്കുവേണ്ടിയുള്ള കൃത്യമായ നീക്കിയിരുപ്പ് നടത്തേണ്ടതും രൂപരേഖ തയ്യാറാക്കുന്നതും സാമ്പത്തിക അച്ചടക്കത്തില്‍ നിര്‍ണായകമാണ്.