ഹാപ്പി സേവിംഗ്സ് അക്കൗണ്ടുമായി ഈ ബാങ്ക്
അക്കൗണ്ട് ഉടമകൾ ഇന്ത്യയ്ക്കുള്ളിൽ നടത്തുന്ന യുപിഐ ഡെബിറ്റ് ഇടപാടുകൾക്ക് ക്യാഷ്ബാക്കാണ് അക്കൗണ്ടിന്റെ പ്രത്യേകത
ഡിസിബി ബാങ്ക് ഈയിടെയാണ് ‘ഡിസിബി ഹാപ്പി സേവിംഗ്സ് അക്കൗണ്ട്’ പുറത്തിറക്കിയത്. ക്യാഷ്ബാക്ക് മുതൽ മറ്റ് നിരവധി ആനുകൂല്യങ്ങളാണ് ഈ അക്കൗണ്ടിലൂടെ ലഭിക്കുന്നത്. അക്കൗണ്ട് ഉടമകൾ ഇന്ത്യയ്ക്കുള്ളിൽ നടത്തുന്ന യുപിഐ ഡെബിറ്റ് ഇടപാടുകൾക്ക് ക്യാഷ്ബാക്കാണ് അക്കൗണ്ടിന്റെ പ്രത്യേകത. യോഗ്യമായ യുപിഐ ഇടപാടുകൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 7,500 രൂപ വ രെ ക്യാഷ്ബാക്ക് ബാങ്ക് നൽകുന്നുണ്ട്.
സാധാരണ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് മാറി മികച്ച ആനുകൂല്യങ്ങൾ നൽകുന്ന സേവിംഗ്സ് അക്കൗണ്ടുകളാണ് ഇന്ന് ബാങ്കുകൾ ഉപഭോക്താക്കളെ ആകർഷിക്കാൻ മുന്നോട്ട് വെയ്ക്കുന്നത്. ഉയർന്ന പലിശ നിരക്ക് നൽകുന്നവയായിരുന്നു താരമെങ്കിൽ ക്യാഷ്ബാക്കിലേക്ക് കടന്നിരിക്കുകയാണ് സ്വകാര്യ ബാങ്കായ ഡിസിബി ബാങ്ക്. ഈയിടെ അവതരിപ്പിച്ച ഡിസിബി ഹാപ്പി സേവിംഗ്സ് അക്കൗണ്ട് വഴി യുപിഐ ഡെബിറ്റ് ഇടപാടുകൾക്ക് ഉപഭോക്താക്കൾക്ക് 7,500 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും
ക്യാഷ്ബാക്ക് ഇങ്ങനെ
25,000 രൂപ ത്രൈമാസ ശരാശരി ബാലന്‍സ് കാണിക്കുന്ന അക്കൗണ്ടില്‍ 5 യുപിഐ ഇടപാടുകളാണ് മാസത്തില്‍ ക്യാഷ്ബാക്ക് യോഗ്യതയുള്ളത്. ഒരു ഇടപാടിന് 10 രൂപ ക്യാഷ്ബാക്ക് എന്ന കണക്കിന് 50 രൂപ മാസത്തില്‍ ക്യാഷ്ബാക്ക് ലഭിക്കും. 50,000 രൂപ ത്രൈമാസ ശരാശരി ബാലന്‍സ് സൂക്ഷിക്കുന്നവര്‍ക്ക് 10 ഇടപാടിന് ക്യാഷ്ബാക്ക് ലഭിക്കും. 15 രൂപ വീതം മാസം 150 രൂപ നേടാം.
ത്രൈമാസത്തിൽ ശരാശരി 1 ലക്ഷം ബാലന്‍സുണ്ടെങ്കില്‍ 15 ഇടപാടിലൂടെ 20 രൂപ നിരക്കില്‍ മാസം 300 രൂപ ക്യാഷ്ബാക്ക് ലഭിക്കും. 2 ലക്ഷം രൂപ ബാലന്‍സുള്ളവര്‍ക്ക് 25 ഇടപാടിന് 25 രൂപ വീതം ലഭിക്കും. 625 രൂപ മാസത്തില്‍ നേടാം. ഇവര്‍ക്കാണ് വര്‍ഷത്തില്‍ 7,500 രൂപ നേടാന്‍ സാധിക്കുക.
ഡിസിബി ഹാപ്പി സേവിംഗ്സ് അക്കൗണ്ടിൽ നിന്നുള്ള ക്യാഷ്ബാക്ക് ലഭിക്കാൻ ഏറ്റവും കുറഞ്ഞത് 500 രൂപയ്ക്കെങ്കിലും യുപിഐ ഇടപാട് നടത്തണം. അതോടൊപ്പം ക്യാഷ്ബാക്കിന് യോഗ്യത നേടാൻ ഡിസിബി ഹാപ്പി സേവിംഗ്സ് അക്കൗണ്ടിൽ ത്രൈമാസ ശരാശരി ബാലന്‍സ് 25,000 രൂപയെങ്കിലും നിലനിർത്തേണ്ടതുണ്ട്.
മറ്റു ആനുകൂല്യങ്ങൾ
ക്യാഷ്ബാക്ക് റിവാർഡുകൾക്കൊപ്പം ഡിസിബി ഹാപ്പി സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് രാജ്യത്തെ എല്ലാ ഡിസിബി ബാങ്ക് എടിഎമ്മുകളിൽ നിന്നും പരിധിയില്ലാത്ത സൗജന്യ ഉപയോഗം ലഭിക്കും. ഓൺലൈൻ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ എന്നിവ പോലുള്ള നിരവധി നേട്ടങ്ങൾ ലഭിക്കും.
മിനിമം ബാലൻസ്
ഡിസിബി ഹാപ്പി സേവിംഗ്‌സ് അക്കൗണ്ടിന് കുറഞ്ഞത് ത്രൈമാസ ശരാശരി ബാലൻസ് 10,000 രൂപയായാണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ ക്യാഷ്ബാക്ക് റിവാർഡുകൾക്ക് യോഗ്യത നേടുന്നതിന് അക്കൗണ്ട് ഉടമകൾ 25,000 രൂപ ത്രൈമാസ ശരാശരി ബാലൻസ് നിലനിർത്തണം. ഒരു നിശ്ചിത പാദത്തിലെ ക്യാഷ്ബാക്ക് അടുത്ത പാദത്തിന്റെ പ്രാരംഭ മാസത്തിൽ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും. പ്രതിമാസം പരമാവധി 625 രൂപയും പ്രതിവർഷം 7,500 രൂപയുമാണ് ക്യാഷ്ബാക്ക് ലഭിക്കുക.
മറ്റു ബാങ്കുകളിലെ അക്കൗണ്ടുകൾ ഡിസിബി ഹാപ്പി സേവിംഗ്സ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ തിരഞ്ഞെടുക്കുന്ന പുതിയ ഉപഭോക്താക്കൾക്കും നിലവിലുള്ള അക്കൗണ്ട് ഉടമകൾക്കും ഈ ക്യാഷ്ബാക്ക് ലഭിക്കും.
ഡിസിസി ബാങ്ക് സ്ഥിര നിക്ഷേപ പലിശ
സേവിംഗ്സ് അക്കൗണ്ടിന് ലഭിക്കുന്ന മികച്ച നേട്ടങ്ങൾ പോലെ സ്ഥിര നിക്ഷേപത്തിനും ഉയർന്ന പലിശ ഡിസിബി ബാങ്ക് നൽകുന്നുണ്ട്. ഡിംസംബർ 13 ന് ഡിസിബി ബാങ്ക് സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർധിപ്പിച്ചിരുന്നു. റെഗുലർ നിക്ഷേപകർക്ക് 8 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനവുമാണ് ബാങ്ക് നൽകുന്ന ഉയർന്ന നിരക്ക്.
18 മാസം 6 ദിവസം മുതൽ 700 ദിവസം വരെ 7.50%, 700 ദിവസം മുതൽ 25 മാസത്തിൽ താഴെ വരെ 7.55%, 25 മാസം മുതൽ 26 മാസം വരെ 8%, 26 മാസത്തിൽ കൂടുതൽ മുതൽ 37 മാസത്തിൽ താഴെ വരെ 7.60%, 37 മാസം മുതൽ 38 മാസം വരെ 7.90% എന്നിങ്ങനെ ഉയർന്ന പലിശ ബാങ്ക് നൽകും.