ഒരാൾക്ക് നിലവിലുള്ള ഫണ്ടുകൾ ഉപയോഗിക്കാമെങ്കിലും വാലറ്റിലേക്ക് കൂടുതൽ പണം ചേർക്കാനാകില്ല
പേടിഎം വാലറ്റ് ഉപയോക്താക്കൾക്ക് ടോപ്പ്-അപ്പ് ലഭ്യമായിരിക്കില്ല
രാജ്യത്തെ യുപിഐ പണമിടപാട് വിപ്ലവത്തിൽ സുപ്രധാന പങ്കുവഹിച്ച പേടിഎമ്മിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് സാമ്പത്തിക രംഗം. രാജ്യത്തെ ജനപ്രിയ ഡിജിറ്റൽ വാലറ്റുകളിലൊന്നായ പേടിഎം നേരത്തെ ബാങ്കിംഗ് ലൈസൻസ് നേടിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ആർബിഐ മാർഗനിർദേശങ്ങൾ പാലിക്കാൻ കമ്പനിക്ക് സാധിക്കാതെ വന്നതോടെയാണ് പേടിഎമ്മിനെതിരെ കടുത്ത നടപടിയുമായി റിസർവ് ബാങ്ക് തന്നെ രംഗത്തെത്തിയത്. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും പേയ്മെന്റ് പ്രൊസസിംഗ് നടത്തുന്നതുമടക്കം എല്ലാ തരത്തിലുമുള്ള ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കുന്നതിൽ നിന്നാണ് പേടിഎം പേമെന്റ് ബാങ്കിന് ആർബിഐ വിലക്കേർപ്പെടുത്തയിത്. വിലക്ക് ഫെബ്രുവരി 29 മുതൽ നിലവിൽ വരും. അതേസമയം യുപിഐ ഇടപാടുകൾ സാധ്യമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുവരുന്നത്.
പേടിഎം അതിന്റെ ഏറ്റവും മോശമായ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ആപ്പിൽ ലഭ്യമായ യുപിഐ സേവനങ്ങൾ ഫെബ്രുവരി 29ന് ശേഷവും തുടരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പേടിഎം പേമെന്റ് ബാങ്കിന്റെയും പേടിഎം ആപ്ലിക്കേഷന്റെ തന്നെയും ഭാവി അനിശ്ചിതത്തിലാണെങ്കിലും യുപിഐ ഇടപാടുകൾ സംബന്ധിച്ച് കമ്പനി നിലപാട് വ്യക്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ഫെബ്രുവരി 29 ന് ശേഷം പേടിഎം വാലറ്റ് ഉപയോക്താക്കൾക്ക് ടോപ്പ്-അപ്പ് ലഭ്യമായിരിക്കില്ലായെന്ന് ആർബിഐയുടെ നിയന്ത്രണങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതിനർത്ഥം ഒരാൾക്ക് നിലവിലുള്ള ഫണ്ടുകൾ ഉപയോഗിക്കാമെങ്കിലും വാലറ്റിലേക്ക് കൂടുതൽ പണം ചേർക്കാനാകില്ല എന്നാണ്
ഫെബ്രുവരി 29 ന് ശേഷവും യുപിഐ സേവനങ്ങൾ ലഭ്യമാകുമെന്ന് കഴിഞ്ഞ ദിവസം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്. പേടിഎമ്മിൽ യുപിഐ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ബാക്കെൻഡിൽ ആവശ്യമായ അപ്‌ഡേറ്റുകൾ നടത്താൻ മറ്റ് ബാങ്കുകളുമായി ചർച്ചകൾ നടത്തിവരികയാണെന്ന് കമ്പനി അറിയിച്ചു. അതേസമയം ആർബിഐ നിലവിൽ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന പേടിഎം പേമെന്റ് ബാങ്കിന്റെ പ്രവർത്തന പരിധിയിലാണ് പേടിഎം ആപ്പിൽ ലഭ്യമായ യുപിഐ സേവനങ്ങളും ഉൾപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.